കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതിന് പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ച സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍. ആവശ്യമെങ്കില്‍ പദവി -ഒഴിയുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടാണ് അറിയിച്ചത്.
പാര്‍ട്ടിയ്ക്ക് ഹാനികരമായ ഒന്നിനും താന്‍ നില്‍ക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണ്. ആവശ്യമെങ്കില്‍ മാറിനില്‍ക്കും. അന്വേഷണം നേരിടും. നൂറ് ശതമാനവും ഭയമില്ല. നിരപരാധിയാണെന്ന വിശ്വാസമുണ്ട്.
കോടതിയില്‍ വിശ്വാസമുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.അതേസമയം, കെ സുധാകരനെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ കെ പി സി സി പ്രസിഡന്റ് ജയിലിലടയ്ക്കപ്പെട്ടേനെ. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടിരിക്കുകയാണ് സര്‍ക്കാര്‍.ആരോപണവിധേയരായി നാണംകെട്ട് ജനങ്ങളുടെ മുന്നില്‍ നില്‍ക്കുയാണ് സര്‍ക്കാര്‍.
സുധാകരന്‍ ഒറ്റയ്ക്കല്ല. സുധാകരന്റെ കൂടെ ജനാധിപത്യ കേരളം ഒരുമിച്ച് നിന്ന് പ്രതിരോധിക്കും. കെ സുധാകരനെ ഈ കേസിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹത്തിന് രാഷ്ട്രീയമായും നിയമപരവുമായ എല്ലാ കവചവും ഒരുക്കി കൊടുക്കും. ജീവന്‍ കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ചങ്കുകൊടുത്തും സംരക്ഷിക്കും. അദ്ദേഹം സ്ഥാനത്തുനിന്ന് മാറാന്‍ സമ്മതിക്കില്ല. അദ്ദേഹം സ്ഥാനത്തുതന്നെ തുടരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. രാജിവയ്‌ക്കേണ്ടതില്ലെന്ന് എ ഐ ഗ്രൂപ്പുകളും പ്രതികരിച്ചു.