കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ വനത്തിനോട് ചേർന്ന വയലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് കടയിൽ പോയി മടങ്ങിവരവേയാണ് യുവാവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മനുവിന്റെ ഭാര്യയ്ക്കായി നാട്ടുകാർ ഉൾപ്പടെ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണ് നൂൽപ്പുഴ.കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.
അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ വീട്. സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. കൂടാതെ മകൾക്ക് ജോലി നൽകുമെന്ന ഉറപ്പും കളക്ടർ നൽകയിട്ടുണ്ട്. ജില്ലയിൽ ഈ മാസം കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചഫക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു.