കര്‍ണാടകയില്‍ നേടിയ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തില്‍, അവിടെ സ്വീകരിച്ച പ്രചാരണ തന്ത്രം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പുകളില്‍ ‘കര്‍ണാടക മോഡല്‍’ പ്രചാരണം നടത്തുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ 25, 26 തീയതികളിലൊന്നില്‍ ചര്‍ച്ച നടത്താനാണ് ആലോചന.
ബിജെപിയെ കടന്നാക്രമിക്കുന്നതില്‍ മാത്രം പ്രചാരണം കേന്ദ്രീകരിക്കാതെ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും അവതരിപ്പിച്ചാണു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണു കര്‍ണാടകയിലെ വന്‍ വിജയത്തിനു വഴിയൊരുക്കിയതെന്നു പാര്‍ട്ടി വിലയിരുത്തുന്നു.
ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കും. കര്‍ണാടകയിലേതു പോലെ പ്രധാന നേതാക്കള്‍ക്കു മേഖല തിരിച്ച് പ്രചാരണത്തിന്റെ ചുമതല നല്‍കും. കര്‍ണാടകയില്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവിറക്കിയതു വഴി, പറഞ്ഞ വാക്കു പാലിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്ന സന്ദേശം ജനങ്ങള്‍ക്കു നല്കാന് സഹായിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരണത്തിലാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള പോര് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ഭരണം നിലനിര്‍ത്തുക എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. ഛത്തീസ്ഗഡില്‍ ആഞ്ഞുപിടിച്ചാല്‍ ഭരണം നിലനിര്‍ത്താമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ഭരണവും നേടിയശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിലൂടെ ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നു വാഗ്ദാനം ചെയ്ത് ഈ 3 സംസ്ഥാനങ്ങളിലും ഒബിസി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കും.