ഐ.ടി മേഖലയില്‍ ബാറുകളും റെസ്റ്റോറന്റുകളും; സ്വാഗതം ചെയ്ത് ടെക്കികള്‍

തിരുവനന്തപുരം: പുതിയ മദ്യനയത്തില്‍ ഐ.ടി മേഖലയില്‍ ബാറുകളും റെസ്‌റ്റോറന്റുകളും ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ടെക്കികള്‍ . സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

അതേസമയം ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ചട്ടം കൊണ്ടുവരും. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടു വരുന്നത്.വിനോദത്തിനായുള്ള മേഖലയില്‍ സ്ഥാപിക്കുന്ന റസ്റ്ററന്റുകളില്‍ മദ്യം വിതരണം ചെയ്യാനാണ് ആലോചന. പുറത്തുനിന്നുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ല. ഐടി ഓഫിസുകളുടെ ക്ഷണപ്രകാരം എത്തുന്ന അതിഥികള്‍ക്ക് ഇളവുണ്ടാകും. നടത്തിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐടി കമ്പനികള്‍ക്കായിരിക്കും. വീഴ്ചയുണ്ടായാല്‍ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകും.

ഐടി പാര്‍ക്കുകളില്‍ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ ലൈസന്‍സ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം. പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. 
നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാര്‍ മദ്യം ഉപയോഗിച്ചു കഴിഞ്ഞാല്‍ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ചട്ടങ്ങള്‍ രൂപീകരിക്കുന്ന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .€ബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന. ഐ.ടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബാര്‍ റെസ്‌റ്റോറന്റുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ് .

ഐ.ടി പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിന് ശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഐടി പാര്‍ക്കുകളില്‍ ഇതിനായി നീക്കിവെക്കുന്ന പ്രത്യേകമായ സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.

ഐടി മേഖലയിലെ ഡെവലപ്പര്‍മാര്‍ക്കും കോ ഡെവലപ്പര്‍മാര്‍ക്കും മാത്രമായിരിക്കും മദ്യശാല തുടങ്ങാന്‍ കഴിയുക എന്നാണ് നയത്തില്‍ പറയുന്നത്. ബാര്‍ നടത്തുന്നവര്‍ക്ക് ഈ ലൈസന്‍സ് എടുക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുമ്പോള്‍, എങ്ങനെ മദ്യവിതരണം നടത്തുമെന്നതില്‍ അവ്യക്തതയുണ്ട്. ഐടി കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ പരിചയമില്ലാത്തതിനാല്‍ മറ്റുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആശ്രയിക്കേണ്ടിവരാം.നിയമവകുപ്പിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും മദ്യ ഉപയോഗത്തിനുള്ള സൗകര്യം നല്‍കില്ല. 10 കോടിക്കു മുകളില്‍ വാര്‍ഷിക ടേണ്‍ ഓവറുള്ള കമ്പനികള്‍ക്കായിരിക്കും അനുവാദം. ഐടി മേഖലയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *