ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലി ജനത വിധിയെഴുതി. 6 മണിവരെ 60% ത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് പതിമൂവായിരത്തി എഴുനൂറ്റി അറുപത്തി ആറ് ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്‍റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. മധ്യവര്‍ഗം ഭൂരിപക്ഷമായ നഗരമണ്ഡലങ്ങളില്‍ വലിയ ആവേശം കണ്ടില്ല. നഗരമണ്ഡലമായ കരോള്‍ബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിന്‍റെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
സീതം പൂരില്‍ കളളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി – ബി ജെ പി പ്രവർത്തകര്‍ ഏറ്റുമുട്ടി. ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയില്‍ ആപ് എം എല്‍ എ ദിനേഷ് മോഹാനിയക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം എട്ടാം തിയതിയാണ് വോട്ടെണ്ണൽ.