ബിന്ദു കാണാനെത്തിയിരുന്നു, അവഗണിച്ചിട്ടില്ല: പി ശശി

തിരുവനന്തപുരം: പൊലീസ് ക്രൂരതയ്ക്കെതിരെ പരാതി നല്‍കാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തില്‍ മറുപടിയുമായി പി ശശി. ബിന്ദു തന്നെ കാണാനെത്തിയിരുന്നു എന്നും പരാതി വിശദമായി താന്‍ കേട്ടു എന്നും പി ശശി പറഞ്ഞു. പരാതി താന്‍ അവഗണിച്ചിട്ടില്ല. സൗത്ത് സോണ്‍ ഐ ജി യുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുവെന്നും പി ശശി കൂട്ടിച്ചേര്‍ത്തു.

പൊലീസിനെതിരെ താന്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് അദ്ദേഹം പെരുമാറിയത് എന്നുമായിരുന്നു ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ബിന്ദു ചെന്നത്. പരാതി വാങ്ങിയ പി ശശി അത് വായിച്ചുപോലും നോക്കിയില്ല. മാത്രമല്ല, പരാതി ഉണ്ടെങ്കില്‍ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ പോകാന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താന്‍ പോയത് എന്നും കാര്യങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ നീതി ലഭിച്ചില്ല എന്നും ബിന്ദു കൂട്ടിച്ചേര്‍ത്തിരുന്നു.

പ്രസന്നന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും ബിന്ദു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തന്നെ കാണാനെത്തിയ ഭര്‍ത്താവിനെ പ്രസന്നന്‍ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചു. ഇരുപത് മണിക്കൂറുകളോളമാണ് തന്നെ സ്റ്റേഷനില്‍ പിടിച്ചിരുത്തിയത്. ഇടയ്ക്കിടെ മാല എവിടെയെന്ന് ചോദിച്ചുകൊണ്ടേയിരിക്കും. മാനസികമായി തളര്‍ത്തിക്കളയുന്നതായിരുന്നു പ്രസന്നന്റെ രീതിയെന്നും ബിന്ദു പറഞ്ഞു.

വെള്ളം ചോദിച്ചപ്പോള്‍ ബാത്റൂമിലെ ബക്കറ്റിലുണ്ട്, പോയി കുടിക്ക് എന്ന് പ്രസന്നന്‍ പറഞ്ഞു എന്നും ബിന്ദു പറയുന്നു. മക്കളെയും കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. താനല്ല മാലയെടുത്തത് എന്ന് കരഞ്ഞുപറയുന്നുണ്ടായിരുന്നു എന്നും ആരും കേട്ടില്ല എന്നും ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *