തിരുവനനന്തപുരം: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻവിജയം നരേന്ദ്രമോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ രാജ്യത്ത് ഇൻഡി മുന്നണി തകർന്ന് തരിപ്പണമായി കഴിഞ്ഞു. 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്. വെറും പ്രാദേശിക പാർട്ടി മാത്രമായി മാറിയ കോൺഗ്രസിന് പ്രതിപക്ഷത്തെ നയിക്കാനുള്ള ധാർമ്മികമായ അവകാശം പോലും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണ് ഡൽഹിയിൽ ഉണ്ടായത്. കെജരിവാളിന്റെയും സിസോദിയയുടേയും തോൽവിയോടെ ആംആദ്മി പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കെജരിവാളിന് വേണ്ടി കേരളത്തിൽ പ്രതിഷേധിച്ച യുഡിഎഫിനും എൽഡിഎഫിനും മുഖത്തേറ്റ പ്രഹരമാണിത്.അഴിമതികാർക്കുള്ള ശക്തമായ സന്ദേശമാണിത്.
വോട്ടിന്റെ എണ്ണത്തിൽ നോട്ടയ്ക്ക് പോലും പിന്നിലായ സിപിഎമ്മും സിപിഐയുമെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തരായിരിക്കുകയാണ്. കെട്ടിവെച്ച കാശ് പോലും എവിടെയും കിട്ടാത്ത കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചത് കൊണ്ടാണ് ബിജെപി ജയിച്ചതെന്നത് ബാലിശമായ വാദമാണ്. ആറുമാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്ആപ്പ് സഖ്യത്തെ തകർത്ത് ബിജെപി ഡൽഹി തൂത്തുവാരിയിരുന്നു. കോൺഗ്രസ് ആപ്പ് സഖ്യം ഇല്ലാതായതോടെ ഇൻഡി മുന്നണി എന്ന ആശയം തന്നെ ഇല്ലാതായിരിക്കുകയാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.