പാലക്കാട്: താൻ ബി ജെ പി വിട്ടുവെന്നും സി പി എമ്മുമായി ചർച്ചനടത്തിയെന്നുമുളള വാർത്ത തള്ളിക്കളഞ്ഞ് ബി ജെ പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. താനൊരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് പറഞ്ഞത്. എന്നാൽ പാർട്ടിയിൽ ഏതെങ്കിലും തരത്തിൽ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സന്ദീപ് തയ്യറായില്ല. നാട്ടിലെ സാധാരണ പ്രവർത്തകർക്കൊപ്പം സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സന്ദീപ് വാര്യർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ബി ജെ പി നേതാക്കളിൽ പലരും സന്ദീപിനാേട് വളരെ മോശമായും പരുഷമായും സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. കൺവെൻഷനിലെ സംഭവങ്ങൾക്കുശേഷം അദ്ദേഹം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. ഇതിനിടെയാണ് സന്ദീപ് ചില സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന് വാർത്ത പുറത്തുവന്നത്.
എന്നാൽ പാർട്ടിക്കുള്ളിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നാണ് ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പ്രതികരണം. കൃഷ്ണകുമാറും സന്ദീപ് വാര്യരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തേ തന്നെ പ്രചാരണമുണ്ടായിരുന്നു. സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബി ജെ പിയുടെ ജയസാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. 1991ലെ പാലക്കാട് മുന്‍സിപ്പല്‍ ചെയര്മാന് തിരഞ്ഞെടുപ്പില്‍ സി പി എം നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എം എസ് ഗോപാലകൃഷ്ണന് അന്നത്തെ ബി ജെ പി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് പിന്തുണ തേടി അയച്ച കത്ത് പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു.