ഗുണ്ടാ സംഘങ്ങളെ ബിജെപി പരസ്യമായി പിന്തുണയ്ക്കുന്നു; എ.എ. റഹീം എം.പി

ഗുണ്ടാ സംഘങ്ങളെ ബിജെപി പരസ്യമായി പിന്തുണയ്ക്കുകയാണെന്ന് എ.എ. റഹീം എം.പി. തിരുവനന്തപുരത്തെ മാഫിയവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, സുഗതനെപ്പോലെയുള്ള കാപ്പ കേസ് പ്രതികൾക്ക് വേണ്ടി മേയർ മുതൽ മുതിർന്ന നേതാക്കൾ വരെ വാദിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സുഗതനെതിരെ 11 ക്രിമിനൽ കേസുകളുണ്ടെന്നും, രാഷ്ട്രീയ സമരങ്ങളുടെ പേരിലുള്ളതല്ല ഇവയെന്നും റഹീം വ്യക്തമാക്കി. ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കെ. മുരളീധരനെതിരെയും റഹീം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ വിജയത്തിനായി സുഗതൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, അതിന്റെ നന്ദിസൂചകമായാണ് പോലീസ് നടപടിയെ അദ്ദേഹം എതിർത്ത് സംസാരിക്കുന്നതെന്നും റഹീം ചൂണ്ടിക്കാട്ടി. കെ. മുരളീധരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയ എം.പി, വട്ടിയൂർക്കാവിൽ ബിജെപിക്ക് വോട്ട് കുറഞ്ഞ സാഹചര്യത്തെക്കുറിച്ചും പരാമർശിച്ചു. സുഗതന്റെ അറസ്റ്റ് നടന്നപ്പോൾ, പോലീസ് വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അനാവശ്യ ഭീകരതയാണ് സൃഷ്ടിച്ചതെന്നുമുള്ള കെ. മുരളീധരന്റെ പരാമർശത്തിനെതിരെയാണ് റഹീം രംഗത്തെത്തിയത്.