സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവെക്കുന്നത് വഞ്ചന; ടി.കെ ഗോവിന്ദൻ

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.ഐ.എം പുറത്തുവിട്ട അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണ്ണമായി തള്ളിക്കൊണ്ട് നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾ ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവെച്ച് സംസ്ഥാന നേതൃത്വം രക്ഷപ്പെടാൻ ശ്രമിക്കുന്നത് വഞ്ചനയാണെന്ന് വാർത്താ സമ്മേളനത്തിൽ ഇരുനേതാക്കളും കുറ്റപ്പെടുത്തി.
താഴെത്തട്ടിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം തെറ്റാണെന്നും, താഴെത്തട്ടിൽ നടന്ന ഒരു വിലയിരുത്തലും ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വാർത്താ സമ്മേളനം കണ്ടാൽ ആർക്കും മനസ്സിലാകുമെന്നും ടി.കെ. ഗോവിന്ദൻ തുറന്നടിച്ചു. സാങ്കേതികമായി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥികളുടെ പേരുകൾ ശുപാർശ ചെയ്യുന്നതെങ്കിലും കണ്ണൂരിലെ ഒരു പ്രാദേശിക ഘടകവും ഈ സ്ഥാനാർത്ഥികളെ അംഗീകരിച്ചിരുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ ഒരു കാരണവശാലും ആ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് കൃത്യമായി ആവശ്യപ്പെട്ടിരുന്നതാണ്.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിനെതിരെയും താഴെത്തട്ടിൽ നിന്ന് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നിട്ടാണ് ഇപ്പോൾ എല്ലാ തെറ്റും ജില്ലാ കമ്മിറ്റിയുടെ തലയിൽ ചാരി സംസ്ഥാന നേതൃത്വം കൈകഴുകുന്നത്. യഥാർത്ഥത്തിൽ ആരെ കബളിപ്പിക്കാനാണ് പാർട്ടി ഇപ്പോൾ ഈ റിവ്യൂ റിപ്പോർട്ട് ഇറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം നേതൃത്വത്തിന്റെ നിലപാടുകളാണെന്നും അവർ ആരോപിച്ചു. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വർഗ്ഗീയ വിഷത്തിനെതിരെ മുൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഒരു വാക്ക് പോലും മിണ്ടാൻ തയ്യാറായില്ല. പിന്നെങ്ങനെ ന്യൂനപക്ഷങ്ങൾ വിശ്വസിക്കും.
കേരളത്തിൽ നടന്ന അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിനോട് സന്ദേശം അയക്കാൻ ആവശ്യപ്പെട്ടത് ആരാണ്. ഇങ്ങനെ ഒരു പരിപാടി ഇവിടെ നടക്കുന്നുണ്ടെന്ന് യോഗി സ്വയം അറിഞ്ഞു സന്ദേശം അയക്കില്ലല്ലോ. ഇത് ബി.ജെ.പിയുമായി നേതൃത്വം ഉണ്ടാക്കിയ വ്യക്തമായ രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്ന് ടി.കെ. ഗോവിന്ദൻ ആരോപിച്ചു. സ്വന്തം വീഴ്ചകൾ സാധാരണ സഖാക്കളുടെ തലയിൽ കെട്ടിവെക്കുന്ന ശൈലി നേതൃത്വം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.