പിണറായിയില്‍ വീടിന് നേരെ ബോംബേറ് ; മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍: പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു.സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
രാത്രി എട്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. ഹരിദാസ് വധക്കേസിലെ കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.
പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണു പ്രതി പിടിയിലായത്. രണ്ടു മാസമായി പ്രതി ഒളിവിലായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണു നിഖില്‍. 2 പേര്‍ കൂടി പിടിയിലാവാനുണ്ട്.