മുംബയ്: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (ആർബിഐ) നേരെ വീണ്ടും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം ഇമെയിൽ സന്ദേശം വഴിയായിരുന്നു ബോംബ് ഭീഷണി. ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റഷ്യൻ ഭാഷയിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ഈ മാസം ആർബിഐ നേരിടുന്ന രണ്ടാമത്തെ ഭീഷണിയാണിത്. സന്ദേശം അയച്ച വ്യക്തിക്കെതിരെ മുംബയിലെ മാതാ രമാഭായ് മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ മാസം 16നും ആർബിഐയുടെ കസ്റ്റമർ കെയർ നമ്പറിൽ ഒരാൾ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയിരുന്നു. ഭീകരവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സിഇഒ ആണെന്ന് അവകാശപ്പെട്ടാണ് വിളിച്ചയാൾ ഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുന്നതിന് മുൻപ് ഫോണിലൂടെ പ്രതി ഒരു ഗാനം ആലപിച്ചതായും റിപ്പോർട്ടുണ്ട്. 2008ൽ മുംബയിൽ നടന്ന മാരകമായ ഭീകരാക്രമണം നടത്തിയതും ലഷ്കർ ഇ തൊയ്ബ സംഘടനയായിരുന്നു.