കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അനില്‍കുമാറിനെ ഒഴിവാക്കി. ഇതേ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെയും നീക്കിയത് ഔദ്യോഗികപക്ഷത്തിനു തിരിച്ചടിയായി.യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ മോഹനനു ജാഗ്രതക്കുറവുണ്ടായെന്നും യൂണിയന്‍ സെക്രട്ടറിയുടെ വഴിവിട്ടുള്ള സഞ്ചാരം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെന്നുമാണു വിമര്‍ശനം.
പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗനടപടികള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതു കര്‍ശനപരിശോധനയ്ക്കു വിധേയമാക്കണമെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, കേന്ദ്രകമ്മിറ്റി അംഗം മന്ത്രി പി. രാജീവ്, അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
മിനി കൂപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാര്‍ സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച് പെട്രോളിയം കമ്പനി മേഖലയില്‍ തുടരും.അനില്‍കുമാറിനെ അനുകൂലിക്കുന്ന ഒരുവിഭാഗം ഇരുമ്പനത്ത് യോഗം ചേര്‍ന്നാണ് സ്വതന്ത്ര യൂണിയന്‍ എന്ന ആശയം മുന്നോട്ടുവച്ചത്.അനില്‍കുമാറിന്റെ നീക്കം സിപിഎം സസൂക്ഷമം നിരീക്ഷിക്കുകയാണ്.എന്നാല്‍ അനില്‍കുമാറിനെതിരെ പ്രതികരിക്കാന്‍ എറണാകുളത്തെ സിപിഎം നേതാക്കള്‍ തയ്യാറായിട്ടില്ല.