ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.ഐ.എം പ്രവർത്തകർക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസിന്റെ നീക്കം!

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ഉണ്ണികൃഷ്ണൻ, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാണ് പൊലീസിന്റെ പ്രധാന ആരോപണം. കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഇവർ പങ്കെടുത്തതാണ് ജാമ്യവ്യവസ്ഥ ലംഘനമായി ചൂണ്ടിക്കാണിക്കുന്നത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നു എസ്.ഐയുടെ വീട്ടിലേക്ക് മാർച്ച് നടന്നത്.

കേസിൽ പൊലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള ഈ നീക്കം. കേസിലെ മറ്റ് പ്രതികളായ ഐ.പി. ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാലുടൻ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ മെയ് 27-നായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. കേസിൽ പ്രതിയായ ടി. വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ ഈ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയത്. റെയ്ഡിന് പിന്നാലെ രാഷ്ട്രീയ വിരോധം വച്ച് ഇ.ഡി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സി.പി.ഐ.എം പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചുകൂടുകയും, റെയ്ഡ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുകയുമായിരുന്നു.