ദില്ലി: കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ധനകാര്യ കമ്മീഷന് മുന്നില് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനല്‍ ഒക്ടോബര്‍ 31-നകം ശുപാര്‍ശകള്‍ സമര്‍പ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം നിലവിലെ 41% ല്‍ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുകയും തുടര്‍ന്ന് ധനകാര്യ കമ്മീഷന് അയയ്ക്കുകയും ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതത്തില്‍നിന്ന് ഒരു ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം രൂപ അധികമായി ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. അതേസമയം, നികുതി വിഹിതം കുറയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്തെത്തും. നിലവില്‍ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി ഘടനയില്‍ അതൃപ്തരാണ്. അതിനിടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ കുറവുണ്ടായാല്‍ വലിയ എതിര്‍പ്പിന് കാരണമാകും.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതം 20 ശതമാനമായിരുന്നത് 41 ശതമാനമായി 1980-ലാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനം പങ്കുവെക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനമായി. സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജിഡിപിയുടെ 3.2% ധനക്കമ്മിയുണ്ട്. സമ്പദ്വ്യവസ്ഥയിലെ മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 60% ത്തിലധികം പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് സംസ്ഥാനങ്ങള്‍ കൂടുതല്‍ ചെലവാക്കുന്നത്. 2017 ജൂലൈയില്‍ ദേശീയ ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വരുമാനം സമാഹരിക്കുന്നതില്‍ പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് പണമായി നല്‍കുന്ന പദ്ധതികളും കടം എഴുതിത്തള്ളുന്നതും മറ്റ് സൗജന്യങ്ങള്‍ നല്‍കുന്നതും നിരുത്സാഹപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.