നടി ശോഭനയ്ക്കും നടന് അജിത് കുമാറിനും പത്മഭൂഷണ്‍
മലയാളത്തിന്റെ മഹാ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്കി രാജ്യത്തിന്റെ ആദരം. ഹോക്കി താരം പി ആര് ശ്രീജേഷ് പത്മഭൂഷണ്‍ അര്‍ഹനായി. ഫുട്ബോള്‍ താരം ഐ എം വിജയന്, സംഗീതജ്ഞ കെ ഓമനക്കുട്ടി എന്നിവര്‍ പത്മശ്രീക്ക് അര്‍ഹരായി.
നടി ശോഭനയും നടന് അജിത് കുമാറും പത്മഭൂഷണ്‍ അര്‍ഹരായി.ഹൃദ്രാഗ വിദഗ്ധനായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പത്മഭൂഷണ്‍ അര്‍ഹനായി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. ജപ്പാന് ബിസിനസുകാരനും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഒസാമു സുസുക്കി, ശാരദ സിന്‍ഹ എന്നിവരേയും രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
31 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം. 19 പേര് പത്മഭൂഷണ്‍ അര്‍ഹരായി. തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് പത്മശ്രീ. ഗായകന് അര്‍ജിത് സിങ്ങ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന് എന്നിവരും പത്മശ്രീക്ക് അര്‍ഹരായി.
നടന് നന്ദമുരി ബാലകൃഷ്ണയും പത്മഭൂഷണ്‍ അര്‍ഹനായിട്ടുണ്ട്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും, അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.