തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം പാർട്ടിക്ക് കീറാമുട്ടിയായി. മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന് തോമസ് കെ.തോമസ് എംഎൽഎ ഇന്നലെയും ആവർത്തിച്ചു. എന്നാൽ തോമസിനു വേണ്ടിയുള്ള എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ വാദമുഖങ്ങൾ അംഗീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിയും പാർട്ടി പ്രസിഡന്റും തമ്മിലുള്ള ഈ തർക്കം പിളർപ്പിലേക്ക് നയിക്കാനിടയുണ്ടെന്ന ശങ്ക പാർട്ടിയെ പൊതിഞ്ഞു. ഇതോടെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ഇടപെടുത്താൻ ശ്രമവും സംസ്ഥാന നേതൃത്വം തുടങ്ങി.
കൂറുമാറ്റക്കോഴ വിവാദത്തിൽപെട്ട തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം നൽകുന്നതിനോടു മുഖ്യമന്ത്രി പിണറായി വിജയനു യോജിപ്പില്ല. അതേസമയം എൻസിപിയുടെ തീരുമാനം ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണു താനും. പാർട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നു വന്നാൽ എൻസിപിക്ക് മുന്നണിയിൽ നിന്നിട്ടു കാര്യവുമില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെ പാർട്ടിനിലപാട് വ്യക്തമാക്കുന്ന സമീപനമാണ് തോമസും ചാക്കോയും സ്വീകരിക്കുന്നത്. എന്നാൽ തനിക്കു പകരം തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ വാശി പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്നു ശശീന്ദ്രൻ വാദിക്കുന്നു. ചാക്കോ സ്വരം കടുപ്പിച്ചാൽ പാർട്ടിയിൽ ശക്തിസമാഹരണം നടത്താൻ മന്ത്രിയും നീക്കം തുടങ്ങി.
മറുവശത്ത്, ശശീന്ദ്രനൊപ്പം ആളു പോകാതിരിക്കാൻ സംഘടനയിൽ കോട്ടകെട്ടാനാണ് ചാക്കോ ശ്രമിക്കുന്നത്. എൻസിപി കേന്ദ്രനേതൃത്വത്തെക്കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താൻ ചാക്കോ നടത്തുന്ന ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ചാക്കോയും തോമസും മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നെങ്കിലും അതും നടന്നിട്ടില്ല. മന്ത്രിസ്ഥാനം സംബന്ധിച്ചു ശശീന്ദ്രനും തോമസും തമ്മിലുള്ള തർക്കത്തിൽ ആദ്യം മധ്യസ്ഥത വഹിച്ച പവാർ ഇപ്പോൾ ശശീന്ദ്രനും ചാക്കോയും തമ്മിലെ ഭിന്നത തീർക്കേണ്ട സ്ഥിതിയിലാണ്.
∙ ‘‘ മന്ത്രിയാകാൻ കഴിയാത്തതു സമയദോഷം കൊണ്ടാണ്. സമയമാകുമ്പോൾ എല്ലാം ശരിയാകും. ജ്യേഷ്ഠൻ തോമസ് ചാണ്ടി ഉണ്ടായിരുന്നെങ്കിൽ പലരും ആളുകളിക്കില്ലായിരുന്നു. മന്ത്രിസ്ഥാനത്തെപ്പറ്റി എൻസിപി കേന്ദ്ര നേതൃത്വം ചർച്ച നടത്തുന്നുണ്ട്. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എ.കെ.ശശീന്ദ്രൻ സീനിയർ ആയതിനാലാണ് ആദ്യ ഊഴം നൽകിയത്.’’ – തോമസ് കെ.തോമസ് എംഎൽഎ