ഇ പി ജയരാജന്റെ ആത്മകഥ നവംബര്‍ മൂന്നിന് പുറത്തിറങ്ങും

കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ നവംബര്‍ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണ് എന്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്‌സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്തു വന്ന ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ ഇ പി ജയരാജന്‍ നിഷേധിച്ചിരുന്നു. തന്റെ അനുമതിയോടെയല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്‌സ് തയാറാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഇപിയുടെ ആത്മകഥയുടേതെന്ന പേരില്‍ ഡിസി ബുക്‌സ് കവര്‍ചിത്രം പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ പുറത്ത് വന്ന പിഡിഎഫില്‍ സിപിപഐഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദവും ഇ പി ഉയര്‍ത്തിയതായി പിഡിഎഫിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

ഇത് കൂടാതെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സരിനെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചതായി ആത്മകഥയുടേതായി പുറത്തുവന്ന പിഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഇ പി ജയരാജന്‍ സ്വീകരിച്ചത്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇ പി പറഞ്ഞത്. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.