തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള വിവിധ തരം മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ഫിലിപ്പ്.
ഹാജി മസ്താന്, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന് തുടങ്ങിയവര്‍ നയിച്ചിരുന്ന മാഫിയാ കേന്ദ്രമായിരുന്ന മുംബൈയെ കടത്തി വെട്ടിയാണ് കേരളം ഇപ്പോള്‍ തലസ്ഥാന പദവി കരസ്ഥമാക്കിയിരിക്കുന്നത്. വിദേശത്ത് വസിക്കുന്ന പുത്തന്‍ മാഫിയാ കിംഗുകള്‍ കേരളത്തിലെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഭരണകക്ഷികളിലെ ഏജന്റുമാര്‍ മുഖേനയാണെന്നും ചെറിയാന്‍ഫിലിപ്പ് ആരോപിച്ചു.
സ്വര്‍ണ്ണം, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വിദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഭരണ നേതൃത്വത്തിന്റെയും കസ്റ്റംസിന്റെയും പോലീസിന്റെയും പരസ്യ പിന്തുണയോടെയാണ്. മാഫിയകളെ സഹായിക്കുന്നവര്‍ക്ക് വിദേശ നാണ്യമായി വിദേശ ബാങ്കുകളില്‍ മാസപ്പടി നല്കുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണ്ണം അനധികൃതമായി കടത്തിയിരുന്നത് മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇപ്പോള്‍ കേരളമാണ് നമ്പര്‍ വണ്‍.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പിടികൂടിയ സ്വര്‍ണ്ണത്തിന്റെ എത്രയോ ഇരട്ടി വരുന്ന ടണ്‍ കണക്കിന് സ്വര്‍ണ്ണമാണ് കേരളത്തിലേക്ക് പ്രവഹിക്കുന്നത്. മാഫിയകളില്‍ നിന്നും സ്വര്‍ണ്ണം രഹസ്യമായി വാങ്ങുന്നത് കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരികളാണ്. സ്വന്തം വാഹകര്‍ മുഖേന വന്‍തോതില്‍ സ്വര്‍ണ്ണം കടത്തുന്ന വ്യാപാരികളുമുണ്ട്.
ദില്ലി, മുംബൈ എന്നീ വന്‍ നഗരങ്ങള്‍ കഴിഞ്ഞാല്‍ ലഹരി വസ്തുക്കള്‍ ഏറ്റവുമധികം ഒഴുകിയെത്തുന്നത് കൊച്ചിയിലേക്കാണ്. കേരളത്തിലുടനീളം മയക്കുമരുന്ന് വില്പനക്കാര്ക്ക് ശക്തമായ വിതരണ ശൃംഗലകളുണ്ട്. വമ്പിച്ച ലാഭം കിട്ടുന്ന ഈ ബിസിനസ്സില്‍ നൂറുകണക്കിന് യുവതീയുവാക്കള്‍ പങ്കാളികളാണ്. വിവരം ലഭിച്ചാലും പോലീസ് നാമമാത്രമായ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും ചെറിയാന് ഫിലിപ്പ് പ്രസ്താവനയില്‍ പറഞ്ഞു.