എം ആര് അജിത്കുമാര്‍ ഡിജിപിയാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം നടക്കില്ല. അതോടെ വിവാദ എഡിജിപി അജിത്കുമാറിന് ഡിജിപി ആകാനുള്ള മോഹം കൂടി കൂടി നീളാനാണ് സാധ്യത.
എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തേക്കു മടങ്ങിയേക്കും. ഫെബ്രുവരിയില്‍ കേന്ദ്ര ഡൈപ്യൂട്ടേഷന്‍ പൂര്‍ത്തിയായി സംസ്ഥാനത്തെത്തിയാല് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ് വിരമിക്കുന്നതോടെ അദ്ദേഹത്തിന് ഡി.ജി.പി. തസ്തിക ലഭിക്കും. അതോടെ എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിന് ഡി.ജി.പി. തസ്തിക കിട്ടുന്നതും വൈകും. ഈ മാസം അവസാനത്തോടെ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുന്നുണ്ട്. എന്നാല്‍, പ്രത്യേക അനുമതിയോടെ നിഥിന് അഗര്‍വാളിന് ഡി.ജി.പി. തസ്തിക നല്കിയിട്ടുള്ളതിനാല് ഡി.ജി.പി. സ്ഥാനക്കയറ്റവും ഉണ്ടാകില്ല. ഇതാണ് അജിത് കുമാറിന് തിരിച്ചടിയാകുന്നത്.
വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആര്.അജിത്കുമാറിനു ഡിജിപിയാകാന്‍ തടസ്സമില്ലന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേര്‍ന്ന ഐപിഎസ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാര്‍ ഡിജിപി റാങ്കിലെത്തും. എന്നാല്‍ ഇത് വൈകിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും അജിത്കുമാര്‍ സംശയിക്കുന്നു.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. കഴിഞ്ഞയാഴ്ച വിജിലന്‍സ് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പറഞ്ഞു. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം.