മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമങ്ങള്‍ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം സിദ്ധരാമയ്യയ്ക്കും മൂന്നുവര്‍ഷം ശിവകുമാറിനും എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. രാവിലെ 11ന് ചേരുന്ന ഹൈക്കമാന്‍ഡ് യോഗം ഇരുവരെയും നിലപാട് അറിയിക്കും. സത്യപ്രതിജ്ഞാ തീയതിയും യോഗം തീരുമാനിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്‍മേലുള്ള അവകാശവാദത്തില്‍നിന്നു പിന്മാറാന്‍ ഡി.കെ.ശിവകുമാര്‍ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാമെന്നും ഇന്നലെ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.കെ.ശിവകുമാര്‍ അറിയിച്ചതായാണു വിവരം. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം നല്‍കാമെന്ന തരത്തില്‍ ഇന്നലെ ആലോചിച്ചെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും. സോണിയ ഷിംലയില്‍നിന്ന് രാവിലെ ഡല്‍ഹിയിലെത്തും.
സംസ്ഥാന നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖര്‍ഗെയ്ക്കും രാഹുലിനും താല്‍പര്യം.
എന്നാല്‍ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാര്‍ സിദ്ധരാമയ്യയെ പിന്തള്ളി 5 വര്‍ഷത്തേക്കും മുഖ്യമന്ത്രിസ്ഥാനം പിടിക്കാന്‍ തീവ്രശ്രമം നടത്തുന്നുണ്ട്. സിദ്ധരാമയ്യയെ വെട്ടാന്‍ ഖര്‍ഗെയോട് മുഖ്യമന്ത്രിയാകാന്‍ ശിവകുമാര്‍ ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് തീരുമാനം എടുത്താല്‍ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിര്‍ത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖര്‍ഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തേ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.