തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായി രജിസ്റ്റാർ ഓഫ് കമ്പനീസിൻറെ നിർണ്ണായക കണ്ടെത്തൽ. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്നാണ് കണ്ടെത്തൽ. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിലുള്ളത്.
എക്സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. എക്സാലോജിക്കിനും വീണക്കും കുരുക്കായ ആർഒസി ബംഗ്ളൂരുവിൻറെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.
മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത എക്സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ സാധിക്കുക. ഇത് മറച്ചുവെച്ചാണ് 2022 ൽ കമ്പനി അപേക്ഷ നൽകിയത്. 2021ൽ മെയ് മാസത്തിൽ എക്സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസി പരിശോധനയിൽ കണ്ടെത്തി. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക്ക് മറച്ചുവച്ചു.
ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച് വച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുളള തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറിൽ കമ്പനി മരവിപ്പിച്ചതിന് ശേഷം സമർപ്പിക്കേണ്ട MSC-3 രേഖ ഹാജരാക്കിയതുമില്ല. രേഖകൾ കെട്ടിച്ചമതിനും വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചതിനും, എ്സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകൾ ചുമത്തണമെന്നാണ് റിപ്പോർട്ട്.
വീണ വിജയന്റെയും കമ്പനിയുടെയും രേഖകൾ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗഗാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. വീണ നടത്തിയ ക്രമക്കേടുകൾ പിഴശിക്ഷയിൽ ഒതുക്കാവുന്നതല്ലെന്നും പോസിക്യൂട്ട് നപടികൾ വേണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. രേഖകളിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനി മരവിപ്പിച്ച നടപടി പിൻവലിക്കാമെന്നും നിർദ്ദേശമുണ്ട്