ബിറ്റ്‌കോയിന്‍ ബിസിനസിന്റെ പേരില്‍ കോടികള്‍ തട്ടിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ സംരക്ഷണം

തിരുവനന്തപുരം: ബിറ്റ്‌കോയിന്‍ ബിസിനസിന്റെ പേരില്‍ ഒരു കോടിയിലേറെ രൂപ തട്ടിഎടുത്ത കേസില്‍ പ്രതിയായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സംരക്ഷിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്. നിസാര സംഭവങ്ങളുടെ പേരില്‍പോലും പോലീസുകാര്‍ ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് ഉന്നതര്‍ സ്വീകരിക്കുമ്പോഴാണ് കോടിയുടെ തട്ടിപ്പുകാരന് ഈ സംരക്ഷണം.ഇപ്പോള്‍ കേരള പോലീസ് അക്കാദമി യില്‍ ഇന്‍സ്പെക്ടര്‍ (ഇന്‍ഡോര്‍ )ആയി ജോലിനോക്കുന്ന എം ബി സിബിന്‍ ആണ് കേസില്‍ പ്രതിയായിട്ടും ആഭ്യന്തരവകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നത്. എറണാകുളം സിറ്റിയിലെ എളമക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഫെബ്രുവരി 20 ന് രജിസ്റ്റര്‍ചെയ്ത 0155/2024 നമ്പര്‍ ക്രൈം കേസിലെ രണ്ടാം പ്രതിയാണ് ഇദ്ദേഹം.
അമ്പലപ്പുഴ സ്വദേശി എം ഷൈന്‍ ആണ് പരാതിക്കാരന്‍. കേസില്‍ സി ഐ യുടെ ഭാര്യ നയന പ്രമോദ് ആണ് ഒന്നാം പ്രതി. ജോബി, സംഗീത് എന്നീ രണ്ടുപേര്‍ കൂടി പ്രതികളാ യുണ്ട്.ബിറ്റ്‌കോയിന്‍ ബിസിനസ്സില്‍ പണം ഇന്‍വെസ്റ്റ് ചെയ്താല്‍ ലാഭം ഉണ്ടാക്കാം എന്ന വാഗ്ദാനം നല്‍കിയാണ് തുക തട്ടിയെടുത്തതെന്ന് എഫ് ഐ ആറില്‍ പറയുന്നു. പരാതിക്കാരന്റെ ഐ സി ഐ സി ഐ ബാങ്കിലെ അക്കൗണ്ടില്‍നിന്നും ഒന്നാം പ്രതിയുടെ എസ് ബി ഐ, ഫെഡറല്‍ ബാങ്ക് ഗൂഗിള്‍ പേ അക്കൗണ്ടുകളിലേക്കും സി ഐ യുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കുമാണ് പണം കൈമാറിയത്. 2023 ഒക്ടോബര്‍ 14നും 25നും ഇടയ്ക്ക് ഒരുകോടി 10 ലക്ഷം രൂപയാണ് ഇങ്ങനെ കാണിക്കലാക്കിയത്.
വാഗ്ദാനം ചെയ്ത ലാഭം കിട്ടാതായതോടെ പരാതിക്കാരന്‍ സി ഐ യെ സമീപിച്ചു. നല്‍കിയ തു കയ്യെങ്കിലും പിന്നീട് ആവശ്യപ്പെട്ടങ്കിലും നടപടി ഉണ്ടായില്ല. പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള വിശ്വാസം കണക്കിലെടുത്താണ് ഈ തുക നല്‍കിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.സി ഐ യെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതല്‍ പോലീസ് സ്വീകരിച്ചത്. പരാതി സ്വീകരിച്ചങ്കിലും കേസുടുക്കാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് കേസെടു ക്കാന്‍ ഉത്തരവ് നേടുകയായിരുന്നു.
എളമക്കരയിലാണ് സി ഐ യും ഭാര്യയും താമസിക്കുന്നത്. നേരത്തെ എറണാകുളം സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ എസ് ഐ ആയി ജോലിനോക്കിയിരുന്നു.കേസില്‍ പ്രതിയായിട്ടും ഡെപ്യുട്ടേഷനില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയിലേക്ക് പോകാനുള്ള ശ്രമവും സി ഐ നടത്തി. ഡല്‍ഹിയില്‍ അഭിമുഖത്തിനു പോകുകയും ചെയ്തു. അക്കാദമിയില്‍നിന്നും അനുമതി കിട്ടാത്തതിനാല്‍ പ്രത്യേക അനുമതി പോലീസ് ആസ്ഥാനത്തുനിന്നാണ് ഇദ്ദേഹം സംഘടിപ്പിക്കുകയായിരുന്നു.കേസില്‍ പ്രതിയായതോടെ അക്കാദമിയില്‍ സ്ഥിരമായി ജോലിക്ക് വരാതിരിക്കുന്നതും പതിവാണ്. ഇതിന്മേലും നടപടി ഉണ്ടായിട്ടില്ല