കേന്ദ്ര സഹായം സംസ്ഥാനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി, വയനാടിനെ പ്രധാനമന്ത്രി അവഗണിച്ചെന്ന് വീണ്ടും വിമർശനം

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് സര്‍ക്കാരുകള്‍ക്കിടയില്‍ ഒരു നാടിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങള്‍ കേരളം ഏറ്റുവാങ്ങി. വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടും നേരിട്ടു. ദുരന്തങ്ങളില്‍ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് ഉണ്ട്.

കേന്ദ്രത്തിന്റെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ്. യാചിച്ച് വാങ്ങേണ്ട ഒന്നല്ല, എന്നാല്‍ സഹായം നല്‍കേണ്ടവര്‍ സഹായം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് ഗുജറാത്ത് ദുരന്തം നേരിട്ടപ്പോള്‍ വിദേശത്ത് നിന്നടക്കം സഹായം വാങ്ങി. എന്നാല്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മോദി വിദേശ സഹായം സംസ്ഥാനം സ്വീകരിക്കുന്നതില്‍ നിഷേധ നിലപാട് സ്വീകരിച്ചു. കേന്ദ്രം സഹായം നല്‍കുന്നുമില്ല, സഹായം തരുന്നവരെ തടയുകയും ചെയ്യുന്നു.

ദുരന്ത സഹായം സ്വീകരിക്കാന്‍ വിദേശത്ത് പോകാന്‍ മന്ത്രിമാര്‍ക്ക് അനുമതിയും നിഷേധിച്ചു. എന്ത് പാതകം ചെയ്തിട്ടാണ് ഈ നിലപാട് എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തേയും അദ്ദേഹം വിമര്‍ശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിര്‍ത്തു. സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയില്‍ പോയി. പണം നല്‍കേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങളിലും ഒരു PDNA റിപ്പോര്‍ട്ടും കാത്ത് നില്‍ക്കാതെ സഹായം നല്‍കി. ദുരന്തം വരാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞ് ബിഹാറിന് സഹായം നല്‍കി. എന്നിട്ടും എന്താണ് കേരളത്തിന് സഹായം നല്‍കാത്തത് എന്നതിന് ഉത്തരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *