തിരുവനന്തപുരം: അനഭിമതരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ബോധപൂര്‍വ്വം വെട്ടി നിരത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്.
മന്ത്രിമാരുടെ അവിഹിത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു. അമിത വിധേയത്വം പുലര്‍ത്തുന്ന അടിമകള്‍ക്ക് മാത്രമാണ് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കുന്നത്. തുടര്‍ച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണെന്നും ചെറിയാന്‍ഫിലിപ്പ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവര്‍ക്കു മാത്രമേ നല്ല സ്ഥാനങ്ങള്‍ ലഭിക്കൂ. ഇവര്‍ എന്ത് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചാലും സര്‍ക്കാര്‍ രക്ഷിക്കുകയും ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യും.
ഭരണകാര്യത്തെ പറ്റി ഒരു പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളില്‍ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്. ഐ.എ.എസ്, ഐ.പി.എസ് പദവികള്‍ ലഭിച്ചാല്‍ സര്‍വ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥര്‍ ദുര്‍ബലരായ മന്ത്രിമാരുടെ മേല്‍ കുതിര കയറുന്നു.
ചില കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും തലപ്പത്ത് പെട്ടിക്കട നടത്താന്‍ പോലും കഴിവില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചതിനാല്‍ പല സ്ഥാപനങ്ങളും നാശത്തിലാണ്.
ഉദ്യോഗസ്ഥ പ്രമുഖരെ സര്‍ക്കാര്‍ വിധേയരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമായി വേര്‍തിരിച്ചതിനാല്‍ സിവില്‍ സര്‍വീസിലെ ചേരിപ്പോര് രൂക്ഷമാണ്. ബ്യൂറോക്രസിയിലെ കടുത്ത വിഭാഗീയത മൂലം ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ആയിരക്കണക്കിന് ഫയലുകള്‍ തീര്‍പ്പില്ലാതെ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുകയാണെന്നും ചെറിയാന്‍ഫിലിപ്പ് ആരോപിച്ചു.