കോഴിക്കോട്: തിരഞ്ഞെടുപ്പിൽ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കെ ശൈലജ കരുത്തുറ്റ സ്ഥാനാർത്ഥിയാണെന്നും താൻ ജയിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുരളീധരന്റെ പ്രതികരണം.
സി പി എമ്മിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അവരല്ലേ. എനിക്കെപ്പോഴും നല്ല കരുത്തരോട് നേരിടാനാണ് ഇഷ്ടം. ടീച്ചറാണെങ്കിൽ നല്ല കരുത്തുള്ള സ്ഥാനാർത്ഥി തന്നെയാണ്. സ്ഥാനാർത്ഥിയെ സി പി എം തീരുമാനിച്ചോട്ടെ, നല്ല മത്സരത്തിലൂടെ തന്നെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ തന്നെ മത്സരം നടന്ന് ജയിച്ചുവരാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ട്.
മുരളീധരൻ പറഞ്ഞു.വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. ‘വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. സ്വന്തം രക്ഷയ്ക്ക് വേണ്ടി സമരം ചെയ്യുന്നവരെ കേസിൽ പ്രതികളാക്കുന്നത് ഇതാദ്യത്തെ സംഭവമാണ്. ഈ രീതിയിലാണ് സർക്കാർ പെരുമാറുന്നതെങ്കിൽ അതിശക്തമായ സമരം കർഷകരുടെ ഭാഗത്തുനിന്നുണ്ടാകും. കർഷകർക്ക് കൃഷിപ്പണിയെടുക്കാൻ കഴിയുന്നില്ല. വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നതൊക്കെ ശരിയാണ്.
പക്ഷേ മനുഷ്യൻ ജീവിക്കുന്നിടത്ത് വന്യജീവികൾ വന്നാൽ ആ വന്യജീവികളെ കൂട്ടിലടക്കാനോ, ആന വരുമ്പോൾ അതിനെ പിടിച്ച് കുങ്കിയാനയാക്കാനൊ ഒക്കെ ശ്രമിക്കേണ്ടതല്ലേ. ആരും കാട്ടിൽ പോയി മൃഗങ്ങളെ ആക്രമിക്കുകയല്ലല്ലോ. മൃഗങ്ങൾ ഇങ്ങോട്ടിറങ്ങി വരികയാണ്. സത്യം പറഞ്ഞാൽ ഈ ആനയെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടുന്നത് ആനയ്ക്കും ദോഷമാണ്, ജനങ്ങൾക്കും ദോഷമാണ്. എന്തായാലും നാട്ടിലിറങ്ങിയ ആന പിന്നീടും തിരിച്ചുവരും. വീണ്ടും ആക്രമിക്കും. ഇടയ്ക്കിടെ മയക്കുവെടി വയ്ക്കുന്നത് ആനയ്ക്കും ദോഷമാണ്.’- മുരളീധരൻ വ്യക്തമാക്കി.