കടലിൽ വീണ കണ്ടെയ്നറുകൾ ആലപ്പുഴ തീരത്ത് അടിയാൻ സാധ്യത, ചീഫ് സെക്രട്ടറി തല യോഗം ചേരും

തിരുവനന്തപുരം : അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകൾ നിലവിലെ സാഹചര്യത്തിൽ ആലപ്പുഴ തീരത്ത് അടിയാൻ സാധ്യതയെന്ന് വിലയിരുത്തൽ. ആലപ്പുഴയിൽ തീര പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. ആകെ 50 കണ്ടെയ്നറുകൾ വീണിട്ടുണ്ടെന്നാണ് വിവരം. അപകടകരമായ വസ്തുക്കളായതിനാൽ തൊടരുതെന്ന് നേരത്തെ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനാണ് നിർദ്ദേശം.
തീരത്ത് അടിയുന്ന കണ്ടെയ്നർ നീക്കം ചെയ്യുന്നതിനെ കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി തല യോഗം ചർച്ച ചെയ്യും. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നയോഗം അൽപ്പ സമയത്തിൽ ആരംഭിക്കും. കടലിൽ നിന്നും കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് പൊക്കിമാറ്റുന്ന സാങ്കേതിക സംവിധാനം നിലവിൽ ഇല്ലെന്നത് തിരിച്ചടിയാണ്.