തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ റാങ്കിംഗിനെ ചൊല്ലി നിയമസഭയിലും ഭരണ-പ്രതിപക്ഷ തര്‍ക്കം. കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷം കേരള വിരുദ്ധരാണെന്ന് വ്യവസായ മന്ത്രി തിരിച്ചടിച്ചു. മന്ത്രിയുടെ മറുപടിക്കിടയിലും ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്പീക്കര്‍ ശാസിച്ചു.
ബിസിനസ് സെൻട്രികായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവർത്തിച്ച് ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പി.സി വിഷ്ണുനാഥും മാത്യു കുഴല്‍നാടനും എഴുന്നേറ്റു. വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിച്ചു. കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടം. അതുകൊണ്ടാണ് റാങ്കിംഗിൽ തർക്കവുമായി പ്രതിപക്ഷം വരുന്നത്. വ്യവസായ മന്ത്രി നല്ല മാർക്കറ്റിംഗ് തന്ത്രം നടത്തുന്നുവെന്ന് ഇതിനിടെ എപി അനിൽകുമാർ വിമർശിച്ചു. രാഷ്ട്രീയ അന്ധതയിൽ കേരളത്തിൻ്റെ ശത്രുക്കളായി നിൽക്കുകയാണ് പ്രതിപക്ഷമെന്നും നിങ്ങൾ കേരള വിരുദ്ധരാണെന്നും മന്ത്രി രാജീവ് വിമർശിച്ചു.
ആവശ്യപ്പെടുന്ന ഉത്തരം കിട്ടണമെന്ന് പ്രതിപക്ഷം ശഠിക്കരുതെന്ന് ഇതിനിടെ സ്പീക്കറും നിലപാടെടുത്തു. രാഹുൽ ആവശ്യപ്പെടുന്ന ഉത്തരം മന്ത്രി നൽകണമെന്ന് രാഹുൽ ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മന്ത്രി ഉത്തരം പറഞ്ഞ് കഴിഞ്ഞു. നിങ്ങൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പറയാമെന്നും കോൺഗ്രസ് അംഗത്തോട് സ്പീക്കർ ഷംസീർ വ്യക്തമാക്കി. ഇത് ചാനല്‍ ചര്‍ച്ചയല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് മന്ത്രി പി രാജീവും മറുപടി പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമതാണെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ സഭയ്ക്ക് അകത്തും പുറത്തും എതിര്‍ക്കുന്നത് തുടരുകയാണ് പ്രതിപക്ഷം