അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിനെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി. നെഹ്‌റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ വടിയെന്നാണ് കോണ്‍ഗ്രസ് ചെങ്കോലിന് നല്‍കിയ വിശേഷണമെന്ന് വിമര്‍ശിച്ച ബിജെപി ചെങ്കോല്‍ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടുവെന്നും ആരോപിച്ചു. ഹിന്ദു ആചാരങ്ങളോട് അവഗണനയുണ്ടായെന്നും ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി, ഉദ്ഘാടനച്ചടങ്ങ് ഹൈജാക്ക് ചെയ്യുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. ഇതിന് മറികടക്കാനെന്നോണമാണ് കോണ്‍ഗ്രസ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിനെ അവജ്ഞയോടെയാണ് കണ്ടതെന്ന വിമര്‍ശനം ബിജെപി ശക്തമാക്കുന്നത്.