കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിനെതിരെ വീണ്ടും കന്റോണ്‍മെന്റ് ബോര്‍ഡ്. നിര്‍മ്മാണം ചട്ട വിരുദ്ധമെന്ന് കാണിച്ച്സംഘാടകര്ക്ക് വീണ്ടും നോട്ടീസയച്ചു. താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിര നിര്‍മാണം നടത്തുന്നു എന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് പറയുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി നായനാര്‍ അക്കാദമിയില്‍ താല്‍ക്കാലിക കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും പണി നിര്‍ത്തിവെക്കണമെന്നും പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കാണിച്ച് കന്റോണ്‍മെന്റ് ബോര്‍ഡ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നായനാര്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തികരമല്ലെന്ന് അറിയിച്ചു കൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
കന്റോണ്‍മെന്റ് ആക്ടിലെ സെക്ഷന്‍ 248 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കണമെന്നുണ്ടെങ്കില്‍ പ്രവൃത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം മുന്‍കൂറായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും വ്യക്തമാക്കുന്നുണ്ട്.