കാരയ്ക്കാമണ്ഡപം റഫീക്ക് വധം:  ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വധഭീഷണി 

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീക്ക് വധകേസില്‍ വിധി പറഞ്ഞ ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വധഭീഷണി. . വിധി പ്രഖ്യാപിച്ച ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടര്‍ സലാവുദ്ദീനുമാണ് ഭീഷണി കത്ത് എത്തിയത്. തപാല്‍ മാര്‍ഗമെത്തിയ കത്ത് പൊലീസിന് കൈമാറി.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ദിനല്‍ നല്‍കിയ കുറ്റപത്രത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. കാരയ്ക്കാമണ്ഡപം സ്വദേശി റഫീക്കിനെ മര്‍ദ്ദിച്ച് റോഡിലിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. 2016 ഒക്‌ടോബറില്‍ കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയില്‍ തുലവിളയില്‍ വച്ചാണ് 24 വയസുകാരനായ റഫീക്ക് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി അന്‍സക്കീറിന്റെ അമ്മാവനെ നേരത്തെ റഫീക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കേസിലെ പ്ലബിക് പ്രോസിക്യൂട്ടറായിരുന്ന സലാവൂദ്ദീന് നേരെ മുന്‍പും വധഭീഷണി ഉണ്ടായിട്ടുണ്ട്. റഫീക്ക് കൊലക്കേസില്‍ ശിക്ഷിച്ച നാലാം പ്രതിയുടെ ബന്ധു ദിവസങ്ങള്‍ക്ക് മുമ്ബ് സലാഹുദ്ദീനെ ഭീഷണിപ്പെടുത്തിയിരുന്നു. മുട്ടത്തറയിലെ വീട്ടില്‍ നിന്നും രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് സലാവൂദ്ദിനെ നാലാം പ്രതി മാലിക്കിന്റെ ഭാര്യയുടെ അച്ഛന്‍ ഭീഷണിപ്പെടുത്തിയത്.ഇതിന് പിന്നാലെയാണ് ഭീഷണിക്കത്ത് വന്നിരിക്കുന്നത്.
2016 ല്‍ നടന്ന സംഭവത്തില്‍ നേമം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തള്ളി ഹൈക്കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വിചാരണ നടക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. കോടതി ശിക്ഷിച്ച പ്രതികളെ വാഹനത്തിനുള്ളിലേക്ക് കയറ്റുന്നതിനിടെ പ്രതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ ആക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *