ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ നാശം വിതച്ച അരിക്കൊമ്പനെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാല്‍ വനമേഖലയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വന്‍ പ്രതിഷേധം. രാവിലെ പത്തുമണിയ്ക്ക് ആനപ്പാടിയില്‍ ഇതിനോടനുബന്ധിച്ച് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. നെന്മാറ എം എല്‍ എ കെ ബാബു സമരത്തില്‍ പങ്കെടുക്കും.
പത്ത് ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുള്ള പ്രദേശമാണ് പറമ്പിക്കുളം. പറമ്പിക്കുളം ആളിയാര്‍ പ്രോജക്ട് കോളനികളും ഉണ്ട്. മൊത്തത്തില്‍ മൂവായിരത്തില്‍ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ വലിയ തരത്തില്‍ കാട്ടാന ശല്യം ഉണ്ടെന്നും അതിനാല്‍ അരിക്കൊമ്പനെ എത്തിക്കുന്നത് ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് സമരക്കാര്‍ പറയുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരരുതെന്നും നടപടി തടയണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കെ ബാബു എം എല്‍ എ കത്ത് നല്‍കിയിരിക്കുകയാണ്. ഇവിടെയും ജനങ്ങളുണ്ട്, പറമ്പിക്കുളത്തെ സമീപവാസികള്‍ ഭീതിയിലാണ്. ഇവിടെയും വീടുകളും സ്ഥാപനങ്ങളും ഉണ്ട്.
അവയ്ക്കും സംരക്ഷണം വേണ്ടേയെന്നും എം എല്‍ എ കത്തില്‍ ചോദിച്ചു.പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെയുള്ള ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഹര്‍ജി മേയ് 26ന് വീണ്ടും പരിഗണിക്കും.