ഇ.ഡിയെ കാട്ടി ഭയപ്പെടുത്തേണ്ട; മുഹമ്മദ് റിയാസ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വസതിയിൽ നടന്ന ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്റെ വസതിയിൽ നടന്ന ഇ.ഡി പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ കമ്മ്യൂണിസ്റ്റുകാർ മുട്ടുമടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഏത് തരത്തിലുള്ള ഭീഷണി വന്നാലും, തല പോയാലും നിന്ന് പോരാടും. കേന്ദ്രസർക്കാരും സംഘപരിവാറും ഉയർത്തുന്ന തെറ്റായ നിലപാടുകളെ ഇനിയും തുറന്നുകാട്ടും. ഇ.ഡിയല്ല ആര് വന്നാലും രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഇത്തരം ‘സംഗതികൾ’ കാട്ടി കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലുണ്ടായിരുന്നവരോട് മനുഷ്യാവകാശ ലംഘനം കാട്ടിയെന്ന് മുഹമ്മദ് റിയാസിന്റെ അഭിഭാഷകൻ അഡ്വ. സി.എം. ജംഷീർ ആരോപിച്ചു. കുടുംബത്തെ കസ്റ്റഡിയിൽ വെച്ച് ടോർച്ചർ ചെയ്യുന്ന രീതിയിലായിരുന്നു ഇ.ഡിയുടെ ഇടപെടൽ. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിച്ചില്ല. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി എഴുതി നൽകിയിട്ടുണ്ട്. നടന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.