കണ്ണൂരിലെ റെയ്ഡ് പൂർത്തിയായി; ഒന്നും കണ്ടെത്തിയില്ലെന്ന് ഇഡി,​ ഉദ്യോഗസ്ഥരെ കൂകി വിളിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് പൂർത്തിയായി. കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂർത്തിയായിട്ടുണ്ട്.

തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകർ സിആർപിഎഫ് ഉദ്യോഗസ്ഥരോട് ആക്രോശിച്ചു. പിണറായി വിജയന്റെ ബേക്കറി ജംഗഷനിലെ വീട്ടിന് മുന്നിലാണ് പ്രതിഷേധം. മുന്‍മന്ത്രി വി.ശിവന്‍കുട്ടി, വി.ജോയി എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, വി.കെ.പ്രശാന്ത്, ബിനീഷ് കോടിയേരി തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.എകെജി സെന്ററിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് തിരുവനന്തപുരത്ത് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലും നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും റെയ്ഡിൽ പ്രതിഷേധിച്ച് പ്രകടനം നടക്കുന്നുണ്ട്.