സ്വയം വിരമിക്കലിനൊരുങ്ങി ഡോ. ഹാരിസ്‌ ചിറയ്‌ക്കല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ചികിത്സാ അപര്യാപ്‌തതകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്‌ ചിറയ്‌ക്കല്‍ സ്വയം വിരമിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച്‌ ഉടന്‍ സര്‍ക്കാരിന്‌ അപേക്ഷ നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ നോട്ടീസിന്‌ ഒരാഴ്‌ചയ്‌ക്കകം മറുപടി നല്‍കുമെന്നു ഡോ. ഹാരിസ്‌ കഴിഞ്ഞദിവസം മാധ്യമങ്ങളോടു വ്യക്‌തമാക്കിയിരുന്നു. മറുപടി ലഭിച്ചശേഷം തുടര്‍നടപടിക്കാണു സര്‍ക്കാര്‍ നീക്കം.

ഇതില്‍ മനംനൊന്താണ്‌ സ്വയംവിരമിക്കലിന്‌ അപേക്ഷിക്കാന്‍ ഡോ. ഹാരിസ്‌ തീരുമാനിച്ചതെന്നാണു സൂചന. ഡോ. ഹാരിസിനു നോട്ടീസ്‌ നല്‍കിയതു സാങ്കേതിക നടപടി മാത്രമാണെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും , യൂറോളജി വിഭാഗത്തില്‍നിന്ന്‌ ഉപകരണങ്ങള്‍ കാണാതായതിനെക്കുറിച്ച്‌ മന്ത്രി വീണാ ജോര്‍ജ്‌ പരാമര്‍ശിച്ചത് ദുസൂചനയായി വിലയിരുത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ്‌ കേസില്‍ കുടുക്കാനുള്ള സാധ്യതയും ഡോ: ഹാരിസ്‌ മുന്നിൽ കാണുന്നു. ഇത് കണക്കിലെടുത്താണ് ഡോ. ഹാരിസ്‌ ചിറയ്‌ക്കല്‍ സ്വയം വിരമിക്കാലിന് ഒരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍, അച്ചടക്കനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വകുപ്പ് മേധാവികൂടിയായ ഡോക്ടർക്ക് അതത്ര എളുപ്പമാകില്ല.