തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി. പമ്പിങ് തുടങ്ങിയപ്പോള്‍ ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആറ്റുകാല്‍, ഐരാണിമുട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യം വെള്ളം എത്തിത്തുടങ്ങിയത്. രാവിലെയോടെ നഗരപരിധിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളമെത്തിയെന്ന് കോര്പ്പറേഷന് അറിയിച്ചു. ഇതുവരെ കുടിവെള്ള വിതരണത്തിന് തടസമില്ലെന്നും വെള്ളമെത്താത്തതായി പരാതി ഇതുവരെയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, നേമം, മേലാംകോട് ഭാഗങ്ങളില്‍ വെള്ളം എത്തിയിട്ടില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു.വട്ടിയൂര്‍ക്കാവ് , വാഴോട്ട്കോണം ഭാഗത്ത് വെള്ളമെത്തിയിട്ടില്ല. പിടിപി നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് കീഴിലെ വാര്‍ഡുകളില്‍ ഇനിയും വെള്ളമെത്താനുണ്ട്. കരമന, കുരിയാത്തി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളമെത്താനുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താന്‍ ഇനിയും സമയം എടുക്കും.
നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും ഒന്നര മണിക്കൂര്‍ വേണമെന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. തിരുവനന്തപുരം- കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്.
നാല്പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.