മലപ്പുറം∙ ലൈoഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്പി വി.വി. ബെന്നി. മലപ്പുറം എസ്പിക്കാണ് ബെന്നി പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിനു പിന്നിലെന്നാണ് ആരോപണം. അതിനാലാണ് പ്രതികൾക്ക് പങ്കാളിത്തമുള്ള ചാനലിൽ വാർത്ത വരാൻ കാരണമെന്നും പരാതിയിൽ പറയുന്നു.
വീട്ടമ്മയുടെ പരാതി ചാനൽ ആസൂത്രിതമായി നൽകിയതാണെന്നും ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നൽകും. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നൽകുന്നുണ്ട്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം. ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.