ചെന്നൈ: എമ്പുരാൻ സിനിമയുടെ നിര്‍മ്മാതാക്കളിൽ ഒരാൾ കൂടിയായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്സിന്റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചിയിലെ ഓഫീസിൽ രാവിലെ മുതല്‍ വൈകിട്ട് വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചില പരിശോധനകളെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍ എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ഇപ്പോൾ ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് എന്ന കാര്യവും വ്യക്തമല്ല. എന്നാല്‍, എമ്പുരാൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിര്‍മ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തില്‍ ഇഡി എത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തര്‍ക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാൻ വിവാദമായതോടെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.