ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യം വ്യക്തമല്ല.
മകൻ വിജയനൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. പക്ഷേ, സംഭവശേഷം വിജയനെ കാണാനില്ല. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് വിജയനും മാതാപിതാക്കളും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ദിവസം മുമ്പും വിജയൻ വൃദ്ധ ദമ്പതികളെ മർദിച്ച് അവശരാക്കിയെന്ന് വിജയന്റെ സഹോദരിയുടെ മകൻ വിഷ്‌ണു മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അയൽക്കാരുടെ ഉൾപ്പെടെ വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.