തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് നൽകി. കണ്ണൂർ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ജയരാജൻ കേസ് ഫയൽ ചെയ്തത്. ബി.ജെ.പിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ വഴി ജയരാജൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് എതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ഹർജിയിൽ പറയുന്നു.
വ്യാജ ആരോപണം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിൽ – ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരായി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ശോഭാ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചനയ്ക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.