തിരുവനന്തപുരം; സിഎഎ വിഷയത്തിലും കോൺഗ്രസ് മുസ്ലിം ലീഗിനെ വഞ്ചിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സിഎഎ ഒരു ജനവിഭാഗത്തിന്റെ പൗരാവകാശ നിഷേധം കൂടിയാണ്. ഒരു മതവിഭാഗത്തിനു കൂടുതൽ ഉത്കണ്ഠയും ഭയവുമുണ്ടാവുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങളും ഭയത്തിലാണ്. കേന്ദ്രസർക്കാർ നടപടിയിൽ രാജ്യം അസ്വസ്ഥമാവുകയാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം. തീവ്ര ഹിന്ദുത്വം അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പു അടുത്തുനിൽക്കെ ഇന്ത്യൻ ജനത കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടത്താൻ ഇന്ത്യൻ പാർലമെന്റിനു പോലും അധികാരമില്ലെന്നും ജയരാജൻ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രം നടത്തിയത്. ഇത്തരം നിയമനിർമാണത്തിലൂടെ കൂടുതൽ വർഗീയതയിലേക്ക് ബിജെപി സർക്കാർ നീങ്ങുകയാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിലപാടിനെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തത് കേരള സർക്കാർ മാത്രമാണ്. ഈ കാര്യത്തിൽ മതേതരവാദികളെല്ലാം എൽഡിഎഫ് നിലപാടിനു കൂടുതൽ കരുത്തും പിന്തുണയും നൽകേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു.