തല പോയാലും ചെങ്കൊടി വിടില്ല, പിണറായിക്ക് പിന്നിൽ അടിയുറച്ചു നിൽക്കും’; കെ.ടി. ജലീൽ

താൻ മുസ്ലിം ലീഗിലേക്ക് മടങ്ങുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ മന്ത്രി കെ.ടി. ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം തനിക്കില്ലെന്നും ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് സജീവമായി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

“ലീഗ് എന്റേയും കൂടി പാർട്ടിയാണ്, തിരിച്ചുവിളിച്ചാൽ പോകാൻ തയ്യാറാണ്” എന്ന് ജലീൽ പറഞ്ഞതായുള്ള വ്യാജ പ്രചരണങ്ങൾക്കിടെയാണ് തന്റെ ഇടത് നിലപാട് ആവർത്തിച്ച് അദ്ദേഹം രംഗത്തെത്തിയത്. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കുറിച്ചു. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന പോരാളികളുടെ പിന്മുറക്കാരനായി സഖാവ് പിണറായി വിജയനും പാർട്ടിക്കും പിന്നിൽ അടിയുറച്ചു നിൽക്കും. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമാണെന്നും പാർട്ടി തെറ്റുകൾ തിരുത്തി ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപ്പിച്ച് ഇടതുപക്ഷം മതനിരപേക്ഷതയ്ക്ക് കാവലിരിക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.