വാഗ്ദാനങ്ങൾ നൽകി തലക്കെട്ടുകൾ സൃഷ്ടിക്കാനില്ല; കായിക മേഖലയിൽ വ്യത്യസ്തമായ മാറ്റങ്ങളുമായി മന്ത്രി ഒ.ജെ. ജനീഷ്

മെസിയെപ്പോലുള്ള താരങ്ങൾ വരുമെന്ന് വാഗ്ദാനം നൽകി അനാവശ്യമായ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കായിക യുവജനകാര്യമന്ത്രി ഒ.ജെ. ജനീഷ്. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘കുട്ടിക്കൂട്ടം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി ചുമതലയേറ്റ ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ കായിക-യുവജന മേഖലകൾക്കായി വ്യത്യസ്തമായ ആശയങ്ങൾ തന്റെ മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷൻ വലിയൊരു വെല്ലുവിളിയാണെന്നും, ഇത് മറികടക്കാൻ കൃത്യമായ പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും സെൽഫികൾക്ക് പോസ് ചെയ്തും മന്ത്രി ജനങ്ങൾക്കിടയിൽ സജീവമായി. ചലച്ചിത്രതാരം ജിബിൻ ഗോപിനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

അതേസമയം, മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ‘കെഎൽ 01 സി 8308’ എന്ന നമ്പറാണ് മന്ത്രിയുടെ വാഹനത്തിനുള്ളത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ച ഭൂരിപക്ഷവും ഇതേ സംഖ്യയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെയും ഫുട്ബോൾ താരം ലയണൽ മെസിയുടെയും ജഴ്സി നമ്പറുകളുമായി ഈ അക്കത്തിന് ബന്ധമുണ്ടെന്ന കാര്യം തന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്ന് മന്ത്രി വെളിപ്പെടുത്തി. താൻ ഇതൊരു യാദൃശ്ചികമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.