ബില്ലുകള്‍ ഒന്നും മാറ്റിവച്ചില്ല;ഈ മാസം ചെലവ് 21,000 കോടി കടന്നു: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കെ മാര്‍ച്ച് മാസത്തില്‍ മാത്രം 21000 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവിട്ടെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ബുദ്ധിമുട്ട് വരാതിരിക്കാന്‍ 4000 കോടി രൂപ കടമെടുത്തിരുന്നു. മിക്കവാറും എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ കഴിഞ്ഞു. സമയത്ത് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത ചില കേസുകളില്‍ മാത്രമാണ് പണം കൊടുക്കാന്‍ കഴിയാതെ വന്നത്. അവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തില്‍ തിരുവനന്തപുരം ജില്ല ട്രഷറിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പണിമുടക്കുകൂടി വന്നതിനാല്‍ ട്രഷറിയില്‍ നേരത്തെ ബില്ലുകള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച്‌വരെ ഇ-സബ്മിഷന്‍ വഴിയും തുടര്‍ന്ന് നേരിട്ട് നല്‍കിയതുമായ ബില്ലുകള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. നേരിട്ട് ബില്‍ സമര്‍പ്പിക്കാന്‍ ഇന്നലെയും സൗകര്യം ഒരുക്കിയിരുന്നു. മാര്‍ച്ച് 31 ആകുമ്പോഴേക്കും മൊത്തം പണം കൊടുക്കാന്‍ കഴിയാതെ കുറെ അടുത്ത വര്‍ഷത്തേക്ക് മാറ്റുകയൊക്കെ സ്വാഭാവികമായി നടക്കുന്നതാണ്. ഇക്കുറി അത്തരം ബുദ്ധിമുട്ട് വരാതിരിക്കാനായി പണം നേരത്തെ കരുതിയിരുന്നു.
വാര്‍ഷിക പദ്ധതി ചില വകുപ്പുകളില്‍ 100 ശതമാനം കഴിഞ്ഞു. പൊതുവില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ കൈകാര്യം ചെയ്യാന്‍ ചെയ്യാന്‍ ട്രഷറി വകുപ്പിനായി. സാധാരണ ഉണ്ടാകുന്ന വലിയ ആശങ്ക ഇക്കുറിയില്ല. ബുധനാഴ്ച 1000 കോടിയോളമാണ് ചെലവിട്ടത്. വ്യാഴാഴ്ചയും നല്ല തുക വരും. അത് കൂടിയാകുമ്പോള്‍ ഈ മാസ ചെലവ് 20000 കോടിയിലേറെ ആകും. തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് റെക്കോര്‍ഡായിരിക്കും.
കേന്ദ്രം 17000 കോടി വെട്ടികുറവ് വരുത്തിയ സാഹചര്യമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലുള്ളത്. എന്നാലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ഇത് കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
തിരുവിതാംകൂര്‍ ദേവസ്വത്തിന് ഗ്രാന്റ് തടഞ്ഞതായി തന്റെ അറിവിലില്ല. ബജറ്റില്‍ പറയാതെ തന്നെ കോവിഡ് കാലമായതിനാല്‍ അവര്‍ക്ക് കൂടുതല്‍ പണം കൊടുത്തിട്ടുണ്ട്. പത്മാനാഭസ്വാമി ക്ഷേത്രത്തിന് രണ്ട് കോടി നല്‍കി. നിരവധി വകുപ്പുകള്‍ക്ക് ബജറ്റില്‍ പറയാതെ തന്നെ പണം കൊടുക്കേണ്ടി വന്നിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ചാല്‍ നടപടി ക്രമം പൂര്‍ത്തിയാല്‍ കൊടുക്കുന്നതിന് തടസമില്ല. കൊടുക്കേണ്ട എന്ന് തീരുമാനിച്ചില്ലെന്നും മന്ത്രി പറഞ്ഞു.