ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് യോഗത്തിലെ പ്രധാന അജണ്ട.
എന്നാൽ ബിഡിജെഎസിന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികൾ ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്. അതേസമയം, ഇന്ന് വിവിധ സമുദായ നേതാക്കളുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി അദ്ദേഹം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.ബിജെപി അദ്ധ്യക്ഷനായി ചുമതലേറ്റതിനുശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന കമ്മിറ്റിയിൽ ചില നിർണായക മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നുവെന്നാണ് സൂചന.
അതിന്റെ ഭാഗമായി ഇന്നലെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കൺവീനറായിരുന്ന സുവർണ പ്രസാദിനെ മാറ്റി യുവമോർച്ച അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചുളള ഉത്തവിറക്കിയതും ശ്രദ്ധേയമായിരുന്നു.മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖരിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ യുവജനങ്ങളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുത്തതിനെ തുടർന്നായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 24നാണ് അദ്ദേഹം അദ്ധ്യക്ഷനായി ചുമതലയേറ്റത്.