ഒന്നാംഘട്ട അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു

ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രായേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലാണ് ഇന്നലെ ഇറാന്‍ അമേരിക്ക സമാധാന ചര്‍ച്ചകള്‍ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയാണ് മധ്യസ്ഥത വഹിച്ചത്. ആദ്യ ഘട്ടത്തില്‍ ഇരു വിഭാഗവും തമ്മില്‍ മധ്യസ്ഥന്‍ മുഖേനെ നല്‍കുന്ന കുറിപ്പുകള്‍ വഴിയാണ് ആശയ വിനിമയം നടത്തിയത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ വിശദമായ വാദങ്ങളും ആശങ്കകളും കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.പ്രശ്‌ന പരിഹാരത്തിനായി ഇറാന്‍ നാലിന നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്.ആണവ നിരോധന കരാര്‍ ഇസ്രായേലിന് കൂടി ബാധകമാക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. അങ്ങിനെയെങ്കില്‍ വിഷയത്തില്‍ തങ്ങളും അനുകൂലമായ തീരുമാനം കൈകൊള്ളുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് എതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ആണവ നിരോധന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയില്‍ ഇറാന്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇറാനിലേ വൈദ്യുതി,സമുദ്രജല ശുദ്ധീകരണം മുതലായ പുതിയ പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളി ത്വം നല്‍കുവാനും ഇറാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ലിബിയന്‍ മാതൃക അടിസ്ഥാനമാക്കിയുള്ള സമ്പൂര്‍ണ ആണവ നിര്‍മാര്‍ജ്ജനം എന്ന നിര്‍ദേശം ഇറാന്‍ നിരാകരിച്ചു. ഇസ്രായേലിന്റെ നിലപാടിനെ ആശ്രയിച്ചു കൊണ്ടായിരിക്കും ഇക്കാര്യത്തിലും തങ്ങളുടെ തീരുമാനം ഉണ്ടാകുക എന്ന് ഇറാന്‍ വ്യക്തമാക്കി.ഇരു ഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ആശാവഹമെന്നാണെന്നായിരുന്നു മാധ്യസ്ഥത വഹിച്ച ഒമാന്‍ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച വീണ്ടും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *