പ്രഥമപരിഗണന പങ്കാളിത്ത വനപരിപാലനത്തിന് :
മുഖ്യ വനംമേധാവി ബെന്നിച്ചന്‍ തോമസ്

പങ്കാളിത്ത വനപരിപാലനത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് സ്ഥാനമേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് വ്യക്തമാക്കി . മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം, പരിസ്ഥിതി പുനസ്ഥാപനം, 1977 മുമ്പ് കൈയേറിയ വനഭൂമിസംബന്ധമായ പരാതികളുടെ പരിഹാരം എന്നിവയാണ് മറ്റ് പ്രധാന പരിഗണനാ വിഷയങ്ങള്‍. ഇവയൊന്നും പുതിയ പദ്ധതികളല്ലെന്നും നിലവില്‍ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികളില്‍ പെടവയാണെന്നും അദ്ദേഹം പറഞ്ഞു.വേഗത്തില്‍ പരിഹാരം കണ്ടെത്താവുന്ന വിഷയങ്ങളല്ലെങ്കിലും അതിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത വനപരിപാലനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

തേക്കടിയില്‍ ഇക്കോ ഡെവല്പ്മെന്റ് ഓഫീസറായിരിക്കേ തന്നെ പങ്കാളിത്ത വനപരിപാലനത്തിലൂന്നിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന്റെ അനുഭവസമ്പത്തു കൈമുതലായുണ്ടെന്നും ബെന്നിച്ചന്‍ തോമസ് പറഞ്ഞു.
മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണമാണ് രണ്ടാമത്തെ പരിഗണന. അഞ്ചുവര്‍ഷം കൊണ്ട് നടപ്പിലാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതിരേഖ വനം വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതോടൊപ്പം പത്തുവര്‍ഷത്തേക്കുള്ള 1150 കോടി രൂപയുടെ ബ്രഹത്തായ മറ്റൊരു പദ്ധതി രേഖ ആസൂത്രണവകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു.ഇതെല്ലാം നടപ്പിലാക്കുന്നതോടെ ഈ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പുനസ്ഥാപന പദ്ധതി നയരേഖയിലധിഷഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവികവനങ്ങളുടെ പുനസ്ഥാപനം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. മറ്റൊരു പ്രധാന പ്രശ്നമായി പരിഗണനയിലുള്ളത് 1977ന് മുമ്പ് വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരുടെ ഭൂമി സംബന്ധമായ പരാതികളാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരം പരാതികള്‍ നിലവിലുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വനം മേധാവി പി കെ കേശവന്‍ തുടക്കം കുറിച്ച എല്ലാ പദ്ധതികളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വനംമേധാവി പി. കെ കേശവനും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *