കൊച്ചി: കാസര്‍കോട് കരിന്തളം ഗവണ്മെന്റ് കോളേജില്‍ വ്യാജരേഖ ഹാജരാക്കി തൊഴില്‍ നേടിയതുമായി ബന്ധപ്പെട്ട കേസില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയില്‍ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജില്‍ വിവരം ശേഖരിച്ചു. മഹാരാജാസ് കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു.
വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്ന് നീലേശ്വരം സിഐ പ്രേംസദന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കം അധികൃതരില്‍ നിന്നും പൊലീസ് സംഘം വിവരങ്ങള്‍ തേടി. സംഭവത്തില്‍ കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ വിദ്യക്കെതിരെ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവണ്മെന്റ് കോളേജില്‍ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസില്‍ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കരിന്തളം കോളേജില്‍ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനില്‍ക്കില്ല, രാഷ്ടീയ പ്രേരിതമായ കേസില്‍ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയര്‍ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹര്‍ജിയില്‍
വ്യക്തമാക്കിയിരിക്കുന്നത്. വിദ്യയെ അറസ്റ്റുചെയ്യാന്‍ പൊലീസിന് ഇപ്പോഴും തടസമില്ല. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എട്ടാം ദിവസവും വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല. അഗളി പൊലീസ് അട്ടപ്പാടി കോളേജില്‍ നടത്തിയ പരിശോധനയില്‍ വിദ്യ സമര്‍പ്പിച്ച രേഖകളും വിദ്യ കോളേജില്‍ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. അതേസമയം വിദ്യക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയാണ് വിദ്യയെ വ്യാജരേഖ തയ്യാറാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.