തിരുവനന്തപുരം: പ്രശസ്ത സേവനത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളില്‍ ഗുരുതര അക്ഷരത്തെറ്റ്. മെഡലുകള്‍ തിരികെ വാങ്ങി പുതിയവ സ്വകാര്യമായി നല്‍കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ച മെഡലുകള്‍ക്കാണ് അക്ഷര തെറ്റുകളുടെ നാണക്കേടിനാല്‍ തലകുനിക്കേണ്ടി വന്നത്. വെള്ളിയാഴ്ച പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു മെഡലുകളുടെ വിതരണം.
‘കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് പകരം ‘കേരളാ മുഖ്യമന്ത്രയുടെ പോലസ് മെഡല്‍’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മെഡല്‍ തയ്യാറാക്കി അത് വിതരണം ചെയ്യുന്നത് വരെയുള്ള ചുമതല പോലീസ് ആസ്ഥാനത്തെ ബന്ധപ്പെട്ട സെക്ഷന്‍ ആണ്. ദര്‍ഘാസ് ക്ഷണിച്ചു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന ആള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയാണ് പതിവ്. മെഡലിന്റെ മാതൃക സമര്‍പ്പിക്കണമെന്നും അംഗീകാരം വാങ്ങണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ കാലങ്ങളായി,മെഡലിനുള്ള ഇടപാടുകള്‍ ഒരു കോക്കസാണ് നിയന്ത്രിക്കുന്നത്.ഓഗസ്റ്റില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. 2024-ലെ മെഡലുകള്‍ കഴിഞ്ഞ ഓഗസ്റ്റ് 13-ന് ആഭ്യന്തരം (രഹസ്യ വിഭാഗം- ബി )വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് 185/2024/ഹോം നമ്പര്‍ പ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ ഒന്നിന് വിതരണം ചെയ്യേണ്ട മെഡല്‍ നിര്‍മ്മിച്ചു നല്കാന് ദര്‍ഘാസ് ക്ഷണിച്ചതാകട്ടെ ഈ ഒക്ടോബര്‍ 16-നും.
രണ്ട് ദിവസങ്ങള്‍ക്കകം ദര്‍ഘാസ് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓര്‍ഡര്‍ ലഭിക്കുന്നവര്‍ ഒക്ടോബര്‍ അവസാനം മെഡലുകള്‍ ലഭ്യമാക്കണം. അതിനുമുമ്പ് മെഡലുകളുടെ മാതൃക സമര്‍പ്പിച്ച് അനുമതി നേടിയിരിക്കുകയും വേണം. സാധാരണഗതിയില്‍ ഇത് സാധ്യമല്ല.മെഡലുകള്‍ നിര്‍മ്മിക്കുന്നത് പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡര്‍ നല്കി മെഡലുകളുടെ മാതൃക ഉണ്ടാക്കി അംഗീകാരം വാങ്ങി മെഡലുകള്‍ നിര്‍മ്മിച്ച് വിതരണം പൂര്‍ത്തിയാക്കുക പ്രായോഗികമല്ല.
പോലീസ് ആസ്ഥാനത്തെ ചിലര്‍ നേരത്തെ നടത്തുന്ന ധാരണയനുസരിച്ചാണ് മെഡലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതാണിത്. ഏതെങ്കിലും സ്ഥാപനവുമായി ധാരണ ഉണ്ടാക്കിയ ശേഷം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായി ദര്‍ഘാസ് ക്ഷണിച്ച് എന്നു വരുത്തുക മാത്രമാണ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ പ്രശസ്ത യൂണിഫോം സ്ഥാപനമായ ഭഗവതി ഇന്ഡസ്ട്രീസ്ആണ് ഇത്തവണത്തെ മെഡലുകള്‍ വിതരണം ചെയ്യാനുള്ള ഓര്‍ഡര്‍ നേടിയെടുത്തത്. മലയാളം ഔദ്യോഗിക ഭാഷയായി വാരാചരണം നടത്തുന്ന നവംബര്‍ ഒന്നിന് മുഖ്യമന്ത്രി നല്കിയ മെഡലുകളില്‍ കടന്നുകൂടിയ മലയാള വാക്കുകളുടെ തെറ്റ് ആകെ നാണക്കേടായി.
എക്സൈസ് മെഡലുകളിലും തെറ്റ് കടന്നുകൂടി. എക്സൈസ് വകുപ്പിന്റെ മെഡലിനോടൊപ്പമുള്ള റിബണില്‍ ചുവപ്പും കറുപ്പും നിറങ്ങളാണ് വേണ്ടത്. വിതരണം ചെയ്ത മെഡലുകളിലാകട്ടെ ചുവപ്പും മഞ്ഞയും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.ചുവപ്പും മഞ്ഞയും യഥാര്‍ത്ഥത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക റിബണ്‍ നിറങ്ങളാണ്.എക്സൈസ് വകുപ്പ് നല്കിയ ദര്ഘാസിലും റിബണിന്റെ നിറം ചുവപ്പും മഞ്ഞയും എന്നാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓര്‍ഡര്‍ ലഭിച്ചവര്‍ അതുപ്രകാരം കൃത്യമായി റിബണ്‍ എത്തിക്കുകയും ചെയ്തു