കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇ.ഡി വിട്ടയച്ചു. ഇ.ഡിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് ഗോകുലം ഗോപാലൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ടെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അതേസമയം എന്തുവിഷയത്തിന്മേലാണ് ചോദ്യം ചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. ദിവസങ്ങൾക്ക് മുമ്പാണ് ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്സിൽ ഇഡി റെയ്ഡ് നടത്തിയത്. പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം വീണ്ടും ഹാജരായത്. ഉച്ചയ്ക്ക് 12.40ഓടെ അദ്ദേഹം ഇഡി ഓഫീസിൽ എത്തി. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റ് ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി റെയ്ഡിൽ ഒന്നരക്കോടി പിടിച്ചെടുത്തെന്നാണ് പുറത്തുവന്ന വാർത്ത .
എമ്പുരാൻ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ പ്രമേയങ്ങൾ ചർച്ചയാകുന്ന സമയത്ത് തന്നെയാണ് ഈ റെയ്ഡിന്റെ വിവരം പുറത്തുവന്നത്.മുൻപ് 2023 ഏപ്രിലിൽ മറ്റൊരു കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാവിലെ മുതൽ വൈകുന്നേരം വരെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം നാളിതുവരെ ഇഡി നടപടികളൊന്നും അദ്ദേഹത്തിന്റെ പേരിലുണ്ടായിട്ടില്ല